ക്യൂകെൻഹോഫിൽ പൂക്കൾ വിരിയുമ്പോൾ

നെതർലൻസിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലെ കുക്കെൻഹോഫ്‌ പൂന്തോട്ടത്തിലേക്കു 2018ൽ പോയ യാത്രയുടെ ഓർമ പുതുക്കൽ

പൂക്കൾ നിറഞ്ഞ ഒരു പാടത്തിന്റെ നാടുവിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവർ വിരളമായിരിക്കും.

നമ്മുടെ നാട്ടിൽ ഗുണ്ടല്പേട്ടിലും മറ്റും സൂര്യകാന്തി പാടങ്ങൾ തേടി യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു.

ഞാനും സ്വപ്നം കണ്ടിരുന്നു പൂക്കൾ നിറഞ്ഞ പാടത്തിലൂടെയുള്ള ഒരൂ യാത്ര.പ്രകൃതി രമണീയമായ സ്ഥലത്തു ചുറ്റും പൂക്കൾ മാത്രമുള്ള ഒരിടം

ജീവിതത്തിൽ ഒരിക്കലും ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയില്ല എന്നാണ് കരുതിയത് . യാദൃശ്ചികമായാണ് നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിലേക്കു ജോലി സംബന്ധമായി പറിച്ചു നടപ്പെട്ടത്.

അവിടെ എത്തിയപ്പോൾ മുതലുള്ള ആഗ്രഹമാണ് തുലിപ് പൂക്കളുടെ സ്വപ്ന നഗരിയായ ആംസ്റ്റർഡാമിലേക്കുള്ള ആ കിടിലൻ യാത്ര.

ആംസ്റ്റർഡാമിൽ പൂക്കളുടെ ഉത്സവം കൊടിയേറുന്നത് മാർച്ച് – ഏപ്രിൽ മാസത്തിലാണ്. മെയ് മാസം പകുതി ആകുന്നതോടുകൂടി ഉത്സവം കൊടിയിറക്കും. ഇതുകാരണം നീണ്ട ഒരു കാത്തിരിപ്പ് തന്നെ വേണ്ടി വന്നു പൂക്കളുടെ ഉത്സവത്തിൽ പങ്കെടുക്കാൻ.

ഞാൻ കുടുംബത്തോടൊപ്പം എപ്രിൽ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച പൂക്കളുടെ മഹോത്സവത്തിന് പുറപ്പെട്ടു .ഓസ്ലോയിൽ നിന്നും ഒരു മണിക്കൂർ വിമാന യാത്ര മാത്രമേ ഉള്ളു ആംസ്റ്റർഡാമിലേക്കു.ഞങ്ങൾ റോയൽ KLM ഫ്ലൈറ്റിൽ സ്വപ്ന നഗരിയായ ആംസ്റ്റർഡാമിലേക്കു പുറപ്പെട്ടു.

ആംസ്റ്റർഡാമിലെ ഒട്ടുമിക്ക ഹോട്ടലുകളും പൂക്കളുടെ ഉത്സവം പ്രമാണിച്ചു നിറഞ്ഞിരുന്നു.ഞങ്ങൾ മുൻപേ തന്നെ ലിസ്സ് (Lisse)ൽ താമസം തരപ്പെടുത്തിയിരുന്നു.ആംസ്റ്റർഡാമിന്റെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഞങ്ങൾ പോകുവാനുദ്ദേശിക്കുന്ന ദശലക്ഷക്കണക്ക് തുലിപ് പൂക്കൾ നിറഞ്ഞ പാടങ്ങൾ സ്ഥിതി ചെയ്യുന്നത് ലിസ്സിൽ ആണ്. അധികം യാത്ര ചെയ്യാതെ തുലിപ് പാടങ്ങളിലേക്കുള്ള എൻട്രി തരപ്പെടും.

നെതെർലെൻഡിന്റെ ചരിത്രത്തിൽ തുലിപ് പൂക്കൾക്കും ഒരു പ്രധാന റോൾ ഉണ്ട്.ഡച്ച് ജനതയും തുലിപ്പും തമ്മിൽ എന്താണ് ഇത്ര ഇണപിരിയാവാത്ത ബന്ധം എന്ന അന്വേഷണത്തിൻറെ ഒടുവിലാണ് ഞാൻ തുലിപ് മാനിയയിൽ ചെന്നെത്തുന്നത്.

ഇന്ന് എല്ലാവരും ഡിജിറ്റൽ മണിയായ ബിറ്റികോയ്‌നിന്റെ പിന്നാലെ ഓട്ടം ആണ്. പതിനേഴാം നൂറ്റാണ്ടിൽ നെതെർലൻഡ്സിലും ഇതിനു സമാനമായ ഒരു കച്ചവടം നടന്നിരുന്നു.ഒരുപക്ഷെ പതിനേഴാം നൂറ്റാണ്ടിലെ ബിറ്റ്കോയിൻ.

“1554ൽ തുർക്കി വഴിയാണ് തുലിപ് വിത്തുകൾ വിയന്നയിലേക്കും തുടർന്ന് അവിടെനിന്നു യുണൈറ്റഡ് പ്രൊവിൻസ് എന്ന് അന്ന് അറിയപ്പെട്ടിരുന്ന നെതെർലണ്ടിലേക്കും എത്തുന്നത്.

തുലിപ് ചെടികൾ വളരാൻ അനുയോജ്യമായ മണ്ണും കാലാവസ്ഥയും നെതെർലാൻഡിനെ തുലിപിന്റെ പ്രിയ ഇടമായി വളർത്തി. ഇതിനെല്ലാം പുറമെ യൂറോപ്പിലെങ്ങും ഈ പൂക്കൾക്ക് പ്രിയം വർധിച്ചു.

1634ത്തോട് കൂടി ട്യൂലിപ്പിന്റെ ആവശ്യകത വർധിക്കുകയും വിപണിയിൽ വില കുതിച്ചുയരുകയും ചെയ്തു.

1636ൽ ഊഹക്കച്ചവടക്കാർ വിപണിയിൽ പ്രവേശിച്ചു. ട്യൂലിപ്പിന്റെ വില പിടികിട്ടാത്ത രീതിയിൽ ഉയർന്നു. അങ്ങനെ ഡച്ചുകാർ ട്യൂലിപ്പിനായി ഒരു ഔപചാരിക ഫ്യൂച്ചർ മാർക്കറ്റ് തുറന്നു.

ഓരോ സീസണിലും ട്യൂലിപ്പ് ബൾബുകൾ വാങ്ങുവാനും വിൽക്കുവാനുമുള്ള കരാറുകൾ ഉണ്ടാക്കി.ചില സമയങ്ങളിൽ ദിവസം പത്തു തവണ വരെ ഈ കരാറുകൾ കൂടിയ തുകക്ക് കൈമാറ്റപ്പെടുകയും ചെയ്തു.

ഈ കാലഘട്ടം ഡച്ച് ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്ന് അറിയപ്പെടുന്നു.നിർഭാഗ്യവശാൽ 1637ൽ പല കാരണങ്ങൾ കൊണ്ട് തുലിപ് കരാറുകൾ നാടകീയമായി നിലംപൊത്തി.”

ആംസ്റ്റർഡാമിലെ ട്യൂലിപ്പ് കഥകൾ പറഞ്ഞാൽ ഒരു ബുക്ക് തന്നെ എഴുതേണ്ടി വരും.

തൽക്കാലം നമുക്ക് കഥകൾക്ക് വിരാമം ഇട്ടുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിൽ ഒന്നായ ക്യൂകെൻഹോഫ്(Keukenhof) പൂന്തോട്ടത്തിലേക്കു പോകാം.

പൂന്തോട്ടത്തിലേക്കുള്ള യാത്രയിൽ വഴിയുടെ ഇരുവശവും ട്യൂലിപ്പ് പാടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഈ വസന്തകാല പൂന്തോട്ടത്തിന്റെ പ്രത്യേകത ,എല്ലാ വർഷവും മാർച്ച് രണ്ടാം വാരം മുതൽ മെയ് രണ്ടാം വാരം വരെ മാത്രമേ സഞ്ചാരികൾക്കായി തുറക്കാറുള്ളു.

ഇവിടം സന്ദർശിക്കുന്നർ മിക്കവരും എയർപോർട്ടിൽ നിന്നുതന്നെ ടിക്കറ്റും എടുത്താണ് വരവ് .

എയർപോർട്ടിൽ നിന്നും ,ആംസ്റ്റർഡാം സിറ്റിയിൽ നിന്നും ക്യൂകെൻഹോഫിലേക്കും തിരികെയും ഉള്ള ബസ് ടിക്കറ്റും , പൂന്തോട്ടത്തിലേക്കുള്ള പ്രവേശനവും ഒക്കെ ചേർന്നുള്ള ഒരു പാക്കേജ്. ഇതുകാരണം ടിക്കറ്റ് വാങ്ങുവാനുള്ള ഒരു നീണ്ട നിരയൊന്നും അവിടെ പ്രകടമായിരുന്നില്ല.

പൂന്തോട്ടത്തിലേക്കു ഞങ്ങളെ വരവേറ്റത് പരമ്പരാഗത ഡച്ച് വേഷം ധരിച്ച യുവതികൾ ആയിരുന്നു.

ഓരോ വർഷവും പൂക്കളുടെ ഈ ഉത്സവത്തിന് വിവിധ തീമുകൾ ഒരുക്കാറുണ്ട്. 2018ൽ അത് “Romance in Flowers” ആയിരുന്നെകിൽ 2019ൽ അത് “Flower Power” എന്നായിരുന്നു.

2020ൽ അത് A World of Colours’ എന്നാണ്.

കേവലം അറുപതു ദിവസം മാത്രം സഞ്ചാരികൾക്കായി തുറക്കുന്ന ഈ പൂന്തോട്ടം ,പതിനഞ്ചു ലക്ഷത്തോളം സഞ്ചാരികളെ കാഴ്ചകൾ കൊണ്ട് വിസ്മയിപ്പിക്കുന്നതിൽ ഒട്ടും തന്നെ അതിശയോക്തി ഇല്ല.

ക്യൂകെൻഹോഫ് ഒരു സാദാ പൂന്തോട്ടത്തിനപ്പുറം സഞ്ചാരികൾക്കു ഒരുക്കിയിരിക്കുന്നത് ഒരു മനംമയക്കുന്ന വിസ്മയമാണ്. ഈ പൂന്തോട്ടം വിശദമായി കണ്ടു നടന്നാൽ പതിനഞ്ചു കിലോമീറ്ററോളം ദൂരം വരും.അതായത് ഒരു ദിവസം ഇവിടെ ചിലവഴിക്കുന്നതിനു അത്ര പ്രയാസമൊന്നുമില്ല എന്ന് ചുരുക്കം.

ലക്ഷകണക്കിന് വരുന്ന എണ്ണൂറോളം തരം ട്യൂലിപ്പ് പൂക്കളും ,കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന വിവിധയിനം കളികളും ,വിവിധയിനം പൂക്കളുടെ പ്രദർശനങ്ങളും എന്ന് വേണ്ട സഞ്ചാരികളെ പിടിച്ചിരുത്താനുള്ള എല്ലാവിധ പരിപടികളും ആസൂത്രണം ചെയ്തിട്ടുണ്ട് ഇവിടെ.

32 ഹെക്ടറോളം വരുന്ന ഈ ഉദ്യാനത്തിന് മനോഹര പശ്ചാത്തലം ഒരുക്കിയിരിക്കുന്നത് നാനാ വർണങ്ങളിലുള്ള ട്യൂലിപ്പ് പാടങ്ങൾ ആണ്.

കാറ്റാടി പാടങ്ങളുടെ നാടാണ് നെതെർലാൻഡ്‌സ്.പഴമയുടെ പ്രൗഢി വിളിച്ചോതുവാനായി കുക്കെൻഹോഫിലും ഒരു കാറ്റാടി യന്ത്രം സംരക്ഷിച്ചിരിക്കുന്നു .ഇതിലേക്ക് സഞ്ചാരികൾക്കു പ്രവേശനം സൗജന്യമാണ്.ഈ കാറ്റാടി യന്ത്രങ്ങളുടെ പ്രത്യേകത അതിന്റെ മുകളിൽ കയറിയാൽ ഉദ്യാനത്തിന് ചുറ്റുമുള്ള ട്യൂലിപ് പാടങ്ങളുടെ ഒരു വർണ വിസ്മയം ആസ്വദിക്കാം എന്നുള്ളതാണ്.

സൈക്കിൾ സവാരിയുടെ ഈറ്റില്ലമാണ് ആംസ്റ്റർടാം. അതിനെ ശെരിവെക്കുന്ന തരത്തിൽ സഞ്ചാരികൾക്കായി സൈക്കിളും ഇവിടെ വാടകക്ക് ഒരുക്കിയിട്ടുണ്ട്.

ട്യൂലിപ്പ് പാടങ്ങളുടെ നടുവിലൂടെയുള്ള സൈക്കിൾ യാത്ര സഞ്ചാരികൾക്കു വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

ഇതിനെല്ലാം പുറമെ , പ്രത്യേകം ടിക്കറ്റ് എടുത്താൽ മാത്രം തരപ്പെടുന്ന, പൂന്തോട്ടത്തിനു ചുറ്റും തയ്യാറാക്കിയിരിക്കുന്ന ചെറു വഞ്ചികളിലുള്ള യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നാണ്.

സന്ദർശന സമയം

മാർച്ച് – മെയ് (കഴിവതും ഏപ്രിൽ പകുതി കഴിഞ്ഞു പോകുവാൻ ശ്രമിക്കുക) 08.00 – 19.30.

ക്യൂകെൻഹോഫ് ടിക്കറ്റ് നിരക്കുകൾ(2018)
മുതിർന്നവർ :18€
കുട്ടികൾ (0-3) : സൗജന്യം
കുട്ടികൾ (4-11) : 8€
കോംബി (ടിക്കറ്റ് + ബസ് ആംസ്റ്റർഡാം) 30€
കോംബി (ടിക്കറ്റ് + ബസ് എയർപോർട്ട്) : 25€

അഡ്രെസ്സ്

Stationsweg 166A, 2161 AM Lisse, Netherlands.

Website: https://keukenhof.nl/en/

ക്യൂകെൻഹോഫ് കാഴ്ചകൾ കണ്ടാലും കണ്ടാലും മതിയാവില്ല. ലോകത്ത് മറ്റൊരിടത്തും ഇത്രയും മനോഹരമായി ഒരുക്കിയിരിക്കുന്ന പൂക്കളുടെ ഉത്സവം കാണുവാൻ കഴിയില്ല എന്ന് നിസ്സംശയം പറയാം.ഇനി ഒരു ദിവസം കൂടിയുണ്ട് സഞ്ചാരികളുടെ പറുദീസയായ ആംസ്റ്റർഡാമിൽ.അടുത്ത ദിവസം ആംസ്റ്റർഡാമിന്റെ മറ്റൊരു കാഴ്ചകൾക്കായി തയ്യാറെടുക്കേണം . ഞങ്ങൾ താമസസ്ഥലത്തേക്കു വണ്ടി കയറി.


പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഫോള്ളോ ചെയ്യാനുള്ള നൂൽ 👇👇